Showing posts with label കുറിപ്പുകള്‍ 1. Show all posts
Showing posts with label കുറിപ്പുകള്‍ 1. Show all posts

Tuesday, January 1, 2008

എന്നെ സ്വാധീനിച്ച മഹദ് വ്യക്തിത്വം


2008 ജനുവരി ഞാന്‍ തുടയ്ക്കമിട്ട റിവേഴ്സ് എന്ന എന്റെ ബ്ലോഗില്‍ എഴുതേണ്ട ആദ്യ പോസ്റ്റിനെ കുറിച്ചുള്ള എന്റെ ചിന്തയില്‍ തെളിഞ്ഞു വന്നൊരു ഏക മുഖം എന്റെ ജീവിതത്തില്‍ ഒത്തിരി സ്വാധീനം ചെലുത്തിയ എന്റെ തന്നെ ഉമ്മുമയുടെ ജീവിതമാണ് . 1934 ല്‍ ആയിഷാ മാളിയേക്കലിന്റേയും സുലൈമാന്റേയും മകളായി ജന്മം കൊണ്ടു. ഒരു പുരാതന മുസ്ലിം തറവാട്ടിലാണ് ജനിച്ചതെങ്കിലും അക്കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ വളരെ ദരിദ്രമായ ഒരവസ്ഥയാണ് എന്റെ ഉമ്മുമയ്ക്ക് ലഭിച്ചത് , എന്നെ സ്വാധീനിച്ച പ്രധാന ഘടകം അവര്‍ ചങ്കൂറ്റത്തോടെ ആ ദരിദ്രമായ അവസ്ഥയെ നേരിട്ടു എന്നതാണ്...

12മത്തെ വയസ്സില്‍ 36 കാരനായ കുഞ്ഞുബാവ മുസല്യാരുടെ ഭാര്യാപദം അലങ്കരിച്ചു 13 മത്തെ വയസ്സില്‍ മൂത്ത മകള്‍ക്ക് ജന്മം നല്‍കി മൊത്തം 9 മക്കളില്‍ 7 പേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. ഭര്‍ത്താവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഉമ്മൂമ തന്റെ മക്കളെ പോറ്റാന്‍ ധീരതയോടെ അദ്ധ്വാനത്തിന്റെ മേഖല തിരെഞ്ഞെടുത്തു. പത്തിരി ചുട്ട് അത് അതിപുലര്‍ച്ചേ... (സുബഹി നമസ്ക്കാരത്തിന് മുന്‍പ്) ഹോട്ടലുകളില്‍ കൊണ്ടു പോയി കൊടുക്കുക, 24 മണിക്കൂര്‍ അദ്ധ്വാനം ശരിക്കും വേണ്ടിയിരുന്നു.. ഉമ്മയും മക്കളും ആഹോരാത്രം പണിയെടുത്തു. കാലത്ത് വെള്ളത്തിലിട്ട് വെയ്ക്കുന്ന അരി വൈകിട്ട് ഉരലിലിട്ട് പൊടിച്ച്, വലിയ പാത്രത്തിലിട്ട് ചൂടാക്ക് ഉണക്കി .. രാത്രി രണ്ടു മണിക്ക് ആ പൊടി കിളറി മാവാക്കി ഉമ്മയും മൂത്ത മകളും പത്തിരി ഉണ്ടാക്കി മറ്റു കൊച്ചു മക്കള്‍ ഹോട്ടലുകളില്‍ എത്തിക്കുന്നു. വൈകുന്നേരം പണം വാങ്ങിച്ച് അന്നന്നത്തേയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നു, ബാക്കി വരുന്ന് പത്തിരി അങ്ങാടിയില്‍ പകുതി പൈസയ്ക്ക് വില്‍ക്കും... അന്നത് വാങ്ങി കഴിക്കാനും ആളുകളേറെയായിരുന്നു. കഠിനമായ ഈ പ്രയത്നം മക്കള്‍ ഒരു നിലയിലെത്തും വരെ തുടര്‍ന്നു 25 ല്‍ അധികം വര്‍ഷത്തോളം... ഈ അദ്ധ്വാനത്തില്‍ നിന്ന് മിച്ചം വെച്ച് നാലു പെണ്‍കുട്ടികളെ കെട്ടിച്ചു... അന്നത്തെ പൊന്നാനിയുടെ സമ്പ്രദായം വിട്ടില്‍ കൂടുക എന്നതായിരുന്നു അതുകൊണ്ട് മക്കളുടെ അധ്വാനം തുടര്‍ന്നു. ഒരു മകനെ ഗള്‍ഫിലേക്ക് (1970ല്‍) അയച്ചു .

ഇന്ന് എന്റെ ഉമ്മൂമ സന്തോഷവതിയാണ്.... 9 മക്കളും 46 പേരകുട്ടികളും 50ളം അവരുടെ മക്കളുമായി ഇന്നും ഞങ്ങള്‍ക്ക് ഒരു വഴിക്കാട്ടിയായി ഞങ്ങളോടൊപ്പം. അദ്ധ്വാനത്തിന്റെ മഹത്വം അതത്ര മഹനീയമെന്ന് ഞങ്ങളെ ബൊദ്ധ്യപ്പെടുത്തി തന്നെ ഉമ്മൂമയുടെ മാതൃക തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.... ഭക്ഷണം പാകം ചെയ്യുക എന്ന പാചക കല ഞങ്ങളുടെ കുടുംബത്തിലെ പലരും സ്വീകരിച്ചു... ഞാനടക്കം പത്തോളം പേര്‍ ഈ കലയില്‍ കഴിവുള്ളവരാണ് ഞങ്ങളതിന് മാളിയേക്കല്‍ ബീവികുട്ടി എന്ന എന്റെ ഉമ്മൂമയോട് കടപ്പെട്ടിരിക്കുന്നു.

ഉമ്മൂമയുടെ മറ്റൊരു സേവനം ഏറെ രസകരമാണ്. എന്റെ തറവാട്ടിനടുത്തായിരുന്നു പൊന്നാനി സര്‍ക്കാര്‍ താലൂക്കാശുപത്രി. വൈകുന്നേരങ്ങളില്‍ ജോലി അവസാനിച്ചാല്‍ ഒരു തട്ടം പുതച്ച് തൊട്ടടുത്ത പ്രസവ വാര്‍ഡിലെത്തും പ്രസവിയ്ക്കാനായ സ്ത്രീകളെ ആശ്വാസത്തിന്റെ വചനങ്ങളുരുവിട്ട് അവര്‍ക്കൊത്തിരി ധൈര്യം നല്‍കും. ഒന്‍പത് പ്രസവിക്കുകയും അനേകം പേരകുട്ടികള്‍ക്ക് ജന്മ സാക്ഷ്യം വഹിക്കുകയും ചെയ്ത എന്റെ ഉമ്മൂമയ്കതൊരു വലിയ സേവനമായിരുന്നു. ഉമ്മൂമയെ മൊഞ്ഞുമ്മ (മുല കൊടുത്തതിനാല്‍) എന്നു വിളിക്കുന്നവര്‍ അനേകമാണ്. അവരുടെ വിശ്വാസ പ്രകാരം മെക്കയിലെത്തി ഉമ്ര നിര്‍വ്വഹിയ്ക്കാനും 3 മാസകാലം കുവൈറ്റില്‍ മക്കളോടും പേരകുട്ടികളോടൊപ്പവും ജീവിയ്ക്കാനും ഭാഗ്യം ലഭിച്ചു. 13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. .

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു